വിദേശവിദ്യാർഥികള്‍ക്ക് എംജി സർവകലാശാലയോട് പ്രിയം; അപേക്ഷയിൽ വൻ വർധന

കോട്ടയം: എംജി സർവകലാശാലാ കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിനായി വിദേശവിദ്യാർഥികളുടെ തിരക്ക്. ഇത്തവണ 885 വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വർധനവ്. 571 അപേക്ഷകളായിരുന്നു കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. 58 രാജ്യങ്ങളിൽനിന്നുള്ളവരാണ്‌ അപേക്ഷ നൽകിയിട്ടുള്ളത്. പിഎച്ച്ഡി- 187, പിജി- 406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ്‌ കൂടുതൽ പേരും എത്തുന്നത്. കെനിയയിൽ നിന്ന് 79 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. സുഡാനിൽനിന്ന് 77 പേരുണ്ട്. ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാഖ്-58, ടാൻസാനിയ-57, നൈജീരിയ-52, മലാവി-48, യെമൻ-39, ശ്രീലങ്ക-39, മാലി-33, ലെസോത്തോ-26, നേപ്പാൾ-22, അംഗോള-22, എത്യോപ്യ-19, ഉഗാണ്ട-15, ദക്ഷിണ സുഡാൻ-10, ഗാംബിയ-10 എന്നിങ്ങനെയാണ്‌ മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം. സെനഗൽ, ചൈന, നൈജർ, യുകെ, സെർബിയ, പോർച്ചുഗൽ, നമീബിയ, മാലദ്വീപ്, മലേഷ്യ, സൗദി അറേബ്യ, ജിബുട്ടി, കോംഗോ, ഗിനി, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന്‌ ഒരോ വിദ്യാർഥികളുമുണ്ട്‌. എംബിഎ കോഴ്സിനാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ. 82 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കംപ്യൂട്ടർ സയൻസ്‌-65, ബയോ സയൻസ്‌- 60, ഇന്റർനാഷണൽ റിലേഷൻസ്‌-45, ജേര്‍ണലിസം-20 എന്നിങ്ങനെയാണ്‌ മറ്റ്‌ അപേക്ഷകർ.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്‍റെ സ്കോളർഷിപ്പോടെ പഠിക്കാൻ ഐസിസിസിആറിന്‍റെ പോർട്ടലിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. നിലവിൽ ഐസിസിആർ എംപാനൽ ചെയ്തിട്ടുള്ള 131 സർവകലാശാലകളിൽ നിന്ന് വിദ്യാർഥികൾക്ക് താത്പര്യമുള്ള സ്ഥാപനം തിരഞ്ഞെടുക്കാം. പിന്നീട് വിദ്യാർഥികൾ തിരഞ്ഞെടുത്ത സർവകലാശാലകളിലേക്ക് ഐസിസിആർ അപേക്ഷകളയയ്ക്കും. മഹാത്മാഗാന്ധി സർവകലാശാലയിലെ പഠനവകുപ്പുകളിലും നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ(നാക്) എ ഡബിൾ പ്ലസ് ഗ്രേഡുള്ള കോളജുകളിലും ഓട്ടോണമസ് കോളേജുകളിലും ഓരോ പ്രോഗ്രാമിനും 25 ശതമാനം അധികസീറ്റുകൾ വിദേശ വിദ്യാർഥികൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

മറ്റ് അഫിലിയേറ്റഡ് കോളേജുകളിൽ ഓരോ പ്രോഗ്രാമിനും 20 ശതമാനം അധിക സീറ്റുകളുമുണ്ട്. സമീപകാലത്ത് ദേശീയ, രാജ്യാന്തര റാങ്കിങ്ങുകളിൽ സർവകലാശാല മികവ് തുടരുന്നതാണ്‌ വിദേശത്തുനിന്നുള്ള അപേക്ഷകൾ വർധിക്കുന്നതിന് കാരണമെന്ന്‌ വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു. എംജി സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും നിലവിൽ 132 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി സെൻറർ ഫോർ ഇൻറർനാഷണർ കോ-ഓപ്പറേഷൻ (യുസിഐസി) ഡയറക്ടർ ഡോ. സജിമോൻ ഏബ്രഹാം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*