ലൈംഗികാതിക്രമ പരാതി; അർജുന അവാർഡ് ജേതാവായ സിആർപിഎഫ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കും

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.ആർ.പി.എഫ്. ഉന്നതോദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടും. സി.ആർ.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്പോർട്സ് ഓഫീസറുമായ ഖജൻ സിംഗിനെയാണ് നീക്കുന്നത്. അർജുന പുരസ്കാര ജേതാവ് കൂടിയാണ് ഇയാൾ.

സി.ആർ.പി.എഫിലെ വനിതാ സേനാംഗങ്ങളാണ് ഖജൻ സിംഗിനെതിരെ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ സി.ആർ.പി.എഫ്. സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് സി.ആർ.പി.എഫ്. യു.പി.എസ്.സിയ്ക്കാണ് സമർപ്പിച്ചത്. യു.പി.എസ്.സിയാണ് ഖജൻ സിംഗിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കേന്ദ്ര ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചത്. ഖജൻ സിംഗിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സി.ആർ.പി.എഫ്. ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

‘ആരോപണവിധേയനായ ഓഫീസർക്കെതിരെ സി.ആർ.പി.എഫ്. അന്വേഷണം നടത്തി. അന്വേഷണം പൂർത്തിയാക്കി യു.പി.എസ്.സിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഇപ്പോൾ യു.പി.എസ്.സി. ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരം നൽകി. ഇതനുസരിച്ച് സി.ആർ.പി.എഫ്. അദ്ദേഹത്തിന് നോട്ടീസ് നൽകി’ -ഉദ്യോഗസ്ഥൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*