കുസാറ്റ് ദുരന്തം: മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ്, താമരശ്ശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.

അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ആസ്റ്റംര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടുപേരും ഐസിയുവിലാണ്. ഇവര്‍ക്ക് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 34പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. 

മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. 

Be the first to comment

Leave a Reply

Your email address will not be published.


*