പോഷക കലവറ, പ്രമേഹ രോഗികൾക്കും കഴിക്കാം; അറിയാം സീതപ്പഴത്തിന്‍റെ ആരോഗ്യഗുണങ്ങൾ

പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് നമുക്കറിയാം. മഴ മാറിയതോടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ വിപണി കീഴടക്കുകയാണ്. പോഷക ഗുണങ്ങൾ ഏറെയുള്ള സീതപ്പഴത്തിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച പഴം കൂടിയാണ് സീതപ്പഴം. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും ഇത് ഗുണകരമാണ്. ഹീമോഗ്ലോബിൻ അളവ് ക്രമപ്പെടുത്താനും സീതപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. അൾസർ, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ നിയന്ത്രിക്കാനുള്ള കഴിവും സീതപ്പഴത്തിനുണ്ട്. ഇതിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

കസ്റ്റാർഡ് ആപ്പിളിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ

  • ഫൈബർ
  • മഗ്നീഷ്യം
  • ഇരുമ്പ്
  • നിയാസിൻ
  • പൊട്ടാസ്യം
  • വിറ്റാമിൻ എ
  • വിറ്റാമിൻ സി
  • കാൽസ്യം

പ്രമേഹ രോഗികൾക്ക് കഴിക്കാമോ ?

സീതപ്പഴത്തിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ ഇത് ഗുണം ചെയ്യും.

കണ്ണിന്‍റെ ആരോഗ്യത്തിന്

സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആൻ്റി ഓക്‌സിഡൻ്റായ ല്യൂട്ടിൻ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സീതപ്പഴം കഴിക്കുന്നത് ഗുണകരമാണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കും

വിറ്റാമിൻ സിയുടെ നല്ലരു ഉറവിടമാണ് സീതപ്പഴം. ശൈത്യകാലത്ത് ഇവ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പല പകർച്ച വ്യാധികളിൽ നിന്നും സംരക്ഷിക്കാനും സീതപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.

എല്ലുകളുടെ ആരോഗ്യത്തിന്

പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമായ സീതപ്പഴം എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും. ശൈത്യകാലത്ത് എല്ലുകളെ ശക്തിപ്പെടുത്താനും ഇത് ഗുണം ചെയ്യും.

ശ്വാസകോശത്തിന് നല്ലത്

ശ്വാസകോശത്തിലെ വീക്കം, അലർജി എന്നിവ തടയാൻ സീതപ്പഴം ഏറെ ഫലപ്രദമാണ്. ആസ്ത്മ രോഗികൾക്കും ഇത് വളരെ ഗുണകരമാണ്. ദിവസേന സീതപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ദഹന പ്രശ്‌നങ്ങൾക്ക്

സീതപ്പഴത്തിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങൾ തടയാനും സഹായിക്കും. കൂടാതെ മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*