തിരുവനന്തപുരം: കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്‌ക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ് സ്‌പോട്ട് ബില്ലിങ് മെഷീൻ’ (പോയിന്റ് ഓഫ് സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും.
എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്‌പോട്ട് ബില്ലിങ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെഎസ്ഇബി ഉപയോഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജിഎസ്‌ടിയും കാനറാ ബാങ്കിന് നൽകിയാണ് മീറ്റർ റീഡിങ് മെഷീനുകളിൽ പുതിയ സേവനം ലഭ്യമാക്കുക. നിലവിൽ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്.
ഇതിനൊപ്പം “ക്വിക് യുപിഐ പേയ്‌മെന്റ്’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തും. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് ഉപഭോക്താവ് അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ് ഈ സേവനങ്ങൾ ഒരുക്കുക.
Be the first to comment