ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം ലഭിച്ചോ?; കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്, എന്താണ് ഫിഷിങ്?

മുംബൈ: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും ഇ-മെയില്‍ അയച്ചിട്ടുണ്ടോ? ഇത്തരം ഇ-മെയിലുകളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ആദായനികുതി വകുപ്പില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളാണിതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കണ്ടെത്തി. ഇ-പാന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഫിഷിങ് തട്ടിപ്പാണിതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന്റെ പുതിയ പാന്‍ 2.0 പദ്ധതിയെ അവസരമായി കണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് സൈബര്‍ ക്രിമിനലുകള്‍ വ്യാജ ഇ-മെയിലുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ഫിഷിങ് തട്ടിപ്പുകളില്‍ വീഴരുതെന്നും പിഐബി ഓര്‍മ്മിപ്പിച്ചു.’ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ലഭിച്ചിട്ടുണ്ടോ?. ഇതൊരു വ്യാജ ഇ-മെയിലാണ്. സെന്‍സിറ്റീവ് അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന കോളുകള്‍, ടെക്സ്റ്റുകള്‍, ഇ-മെയിലുകള്‍ അല്ലെങ്കില്‍ ലിങ്കുകള്‍ എന്നിവയ്ക്ക് ഒരിക്കലും മറുപടി നല്‍കരുത്.’- പിഐബി ഫാക്ട് ചെക്ക് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

എന്താണ് ഫിഷിങ് ?

ഒരു വിശ്വസനീയമായ സ്ഥാപനമെന്ന് വ്യാജേന ബന്ധപ്പെട്ട് ഉപയോക്താവിന്റെ യൂസര്‍ നെയിം, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് ഫിഷിങ്. ധനകാര്യ സ്ഥാപനങ്ങള്‍, സോഷ്യല്‍ വെബ്സൈറ്റുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റ് പ്രോസസ്സറുകള്‍ അല്ലെങ്കില്‍ ഐടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവയില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയാണ് തട്ടിപ്പ്.ഫിഷിങ് സാധാരണയായി ഇ-മെയില്‍ അല്ലെങ്കില്‍ ഇന്‍സ്റ്റന്റ് മെസേജുകള്‍ വഴിയാണ് നടത്തുന്നത്. കൂടാതെ യാഥാര്‍ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രൂപവും ഭാവവും ഉള്ള വ്യാജ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പ്.

 

Be the first to comment

Leave a Reply

Your email address will not be published.


*