സൈബർ ആക്രമണം; അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്

സൈബർ ആക്രമണ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ വ്യക്തിഹത്യയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ്‌ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പോലീസിനും പരാതി നൽകിയത്. പിന്നാലെ നന്ദകുമാർ ഫേസ് ബൂക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിന് പിന്നാലെയാണ് ചില ഇടത് പ്രൊഫൈലുകളിൽ അച്ചു ഉമ്മനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരിയായ അച്ചു ഉമ്മന്റെ വസ്ത്രധാരണവും സമ്പാദ്യവും ജോലിയുമൊക്കെയായിരുന്നു അധിക്ഷേപ പോസ്റ്റുകളിലെ വിഷയങ്ങൾ.

ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടിയെന്നും അച്ചു ഉമ്മൻ വിശദീകരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*