
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി ചെയ്യുന്നവരാണ് കൂടുതല്‍ പേരും. തെറ്റായതോ അല്ലെങ്കില്‍ ഹാക്കിങ് ആപ്പുകളോ ഉപയോഗിക്കുന്നത് വഴി പലരും തട്ടിപ്പിനിരയാകുന്നതും പതിവാണ്. നിരവധി ആപ്പുകളില്‍ മാല്‍വെയറുകള്‍ അല്ലെങ്കില്‍ വൈറസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അവ നിങ്ങളുടെ ഡിവൈസിനെ ദോഷകരമായി ബാധിക്കും.
വ്യക്തി വിവരങ്ങള്‍ ചോര്ത്തിയെടുക്കാത്ത ശരിയായ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം? തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഹാക്കര്‍മാര്‍ വിവരങ്ങള്‍ കൈക്കലാക്കാതിരിക്കാന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഡിവൈസില്‍ സുരക്ഷയ്ക്കായി സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്താം.
ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ്
സുരക്ഷാ ഭീഷണികളെ നേരിടാന്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ പതിവായി സ്കാന്‍ ചെയ്യുകയും സ്മാര്‍ട്ട്ഫോണില്‍ സ്ഥിരമായി സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്യും. ഏതെങ്കിലും തരത്തില്‍ വ്യാജആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആപ്പ് പ്ലേ പ്രൊട്ടക്റ്റ് ഉടന്‍ ഉപയോക്താവിനെ അറിയിക്കും.
ഫോണ്‍ സ്കാന്‍ ചെയ്യാനും സുരക്ഷിതമാക്കാനും ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് എങ്ങനെ ഉപയോഗിക്കാം?
- സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പ് തുറക്കുക
- മുകളില്‍ വലത് വശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
- മെനുവില്‍ നിന്ന് ‘പ്ലേ പ്രൊട്ടക്ട്’ തെരഞ്ഞെടുക്കുക
- ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളില്‍ സുരക്ഷാ ഭീഷണികള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ‘സ്കാന്‍’ ക്ലിക്ക് ചെയ്യുക
- ‘പ്ലേ പ്രൊട്ടക്ട്’ തെറ്റായത് എന്ന് പറയുന്ന ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡാറ്റ സ്വകാര്യത പരിശോധിക്കുക- ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ്, ആപ്പിനെ കുറിച്ചുള്ള വിവരണം വായിച്ച് സ്ക്രീന്‍ഷോട്ടുകള്‍ പരിശോധിക്കുക.
വളരെയധികം പോപ്പ്അപ്പ് പരസ്യങ്ങളോ സംശയാസ്പദമായ പെര്‍മിഷനുകളോ ആവശ്യമാണെങ്കില്‍ അത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
‘പ്ലേ പ്രൊട്ടക്ട്’ വെരിഫിക്കേഷന് ബാഡ്ജ്- ‘പ്ലേ പ്രൊട്ടക്ട്’ വെരിഫിക്കേഷന് ബാഡ്ജ് സുരക്ഷിത ആപ്പുകള്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗമാണ്. സുരക്ഷ ഉറപ്പാക്കാന്‍ എല്ലായ്പ്പോഴും ഈ ബാഡ്ജ് ഉള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ ഒഴിവാക്കുക: അജ്ഞാത ഉറവിടങ്ങളില്‍ നിന്നോ വെബ്സൈറ്റുകളില്‍ നിന്നോ തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നോ ആപ്പുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്, കാരണം അവയില്‍ മാല്‍വെയര്‍ അടങ്ങിയിരിക്കാം. ഈ സുരക്ഷാ നടപടികള്‍ പാലിച്ചാല്‍ ഒരു പരിധി വരെ സൈബര്‍ തട്ടിപ്പുകളില്‍ നിന്നു രക്ഷ നേടാം.
Be the first to comment