കേരള പൊലീസിൽ ഇനി മുതൽ സൈബർ ഡിവിഷനും; ആഭ്യന്തര വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി മുതൽ സൈബർ ഡിവിഷനും. ആധുനിക സൗകര്യത്തോടെ സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഗവേഷണം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് സംവിധാനങ്ങളെല്ലാം ഇനി സൈബർ ഡിവിഷന് കീഴിൽ വരും.

സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. സൈബർ ഡിവിഷൻ ആസ്ഥാനം, സൈബർ പട്രോളിങ്, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ കണ്ടെത്താനും അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ ഡിവിഷനെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കും. രണ്ട് എസ്.പിമാരും നാല് ഡിവൈ.എസ്.പിമാരും ഉൾപ്പെടെ 466 പേരെ നിയമിക്കും.

നിലവിൽ സൈബർ ഓപ്പറേഷൻസ് എന്ന പേരിൽ പൊലീസ് ആസ്ഥാനത്ത് ഒരു സംവിധാനമുണ്ട്. ഹൈടെക് ക്രൈം എൻക്വയറി സെൽ ക്രൈംബ്രാഞ്ചിനു കീഴിലാണ്. പൊലീസ് ആസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സൈബർ ഡോം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലുണ്ട്. 20 പൊലീസ് ജില്ലകളിലെയും സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിലാണ്. ഇവയെല്ലാം ഇനി പുതിയ സൈബർ ഡിവിഷനു കീഴിൽ വരും.

സൈബർ കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞ് തടയുന്നതിനുള്ള സൈബർ പട്രോളിങ്, ഗവേഷണം, കേസന്വേഷണം എന്നിവയെല്ലാം സൈബർ ഡിവിഷന്റെ നിയന്ത്രണത്തിലാകും. സൈബർ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ സർവകലാശാലയിൽ പരിശീലനം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. 350 പൊലീസുകാർക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*