ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടാം, നോട്ടിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കരുത്; സൈബര്‍ ആക്രമണങ്ങളില്‍ 20 ശതമാനവും ഡാര്‍ക്ക് വെബ് വഴി

ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് 20 ശതമാനം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. ഡാറ്റാ ലംഘനങ്ങള്‍, ഹാക്കിങ്, ഫിഷിങ്, ഐഡന്റിറ്റി മോഷണം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വാങ്ങലും തുടങ്ങിയവയ്ക്കാണ് പ്രധാനമായി സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ലിസിയാന്‍തസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌പെഷ്യല്‍ ടൂളുകള്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഇന്റര്‍നെറ്റിലെ പ്ലാറ്റ്‌ഫോമാണ് ഡാര്‍ക്ക് വെബ്. ഒരു ഡാര്‍ക്ക് വെബ് ഉപയോക്താവിന്റെ ഐഡന്റിറ്റിയും ലൊക്കേഷനും കണ്ടെത്തുന്നത് സാധാരണഗതിയില്‍ വളരെ ബുദ്ധിമുട്ടാണ്. രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ലിസിയാന്‍തസ് ടെക്കിന്റെ സ്ഥാപകനും സിഇഒയുമായ കുശാല്‍ കൗശിക് പറഞ്ഞു.

സംസ്ഥാന പോലീസ്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പ്രസക്തമായ പോര്‍ട്ടലുകള്‍ എന്നിവയില്‍ നിന്ന് എടുത്ത ക്രൈം ഡാറ്റയുടെ നിരവധി സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡേറ്റ വ്യവസായ വിദഗ്ധര്‍, സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്റുമാര്‍, നിയമ നിര്‍വ്വഹണ പ്രതിനിധികള്‍ എന്നിവരുമായി വിശദമായി വിശകലനം ചെയ്തതായും കൗശിക് പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ ഡാര്‍ക്ക് വെബിന്റെ ഉപയോഗം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശന അനുമതി തേടുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*