തുലാവര്‍ഷം രണ്ടുദിവസത്തിനകം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. തുടക്കം ദുർബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെയോടെ തെക്കൻ ഒമാൻ – യെമൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമേ കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*