ചരിത്ര നിമിഷം; ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ഡിങ് ലിറനെ തോൽപ്പിച്ചു

ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ​ഗുകേഷ്. 14-ാം റൗണ്ടിലാണ് ജയം. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രയം കുറഞ്ഞ താരമായി ഡി ​ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെയാണ് ​ഗുകേഷ് തോൽപ്പിച്ചത്. 13 റൗണ്ട് പോരാട്ടം പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയൻറുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആവേശകരമായ ഫൈനൽ റൗണ്ടിലാണ് ​ഗുകേഷ് നിർണായക ജയം സ്വന്തമാക്കി ലോക ചെസ് ചാമ്പ്യനായത്.

വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാന്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്ക് ഡി ​ഗുകേഷ് എത്തി. അഞ്ച് തവണയാണ് വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യനായത്. 18 വയസ് മാത്രമാണ് ​ഗുകേഷിന്റെ പ്രായം. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ​ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തിൽ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ​ഗുകേഷ് ലോക ചാമ്പ്യനായത്.

ചാമ്പ്യൻഷിപ്പിൽ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ആകെ 14 ക്ലാസിക്കൽ ഗെയിമുകളായിരുന്നു ചാമ്പ്യൻഷിപ്പിൽ ഉണ്ടായിരുന്നത്. ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളർ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങൾക്കും തുല്യമായി വീതിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*