സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് പ്രതിദിന വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകും നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്.

ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്‌സെറ്റുകളുടെ പ്രവര്‍ത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യർത്ഥന.

 

Be the first to comment

Leave a Reply

Your email address will not be published.


*