ലോക്‌സഭ സ്ഥാനാർത്ഥികളായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍

ബിജെപി നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ത്ഥികളുമായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍. തൻ്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാനാണ് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയത്. എന്നാല്‍, നിയമനം നടന്നില്ല. തുടര്‍ന്ന് പലതവണയായി 25 ലക്ഷം തിരികെ നല്‍കി.

2014ലാണ് പണം കൈമാറിയത്. പണം കൈമാറിയ ഡല്‍ഹിയിലെ സാഗര്‍ രത്ന ഹോട്ടലിൻ്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിൻ്റെ കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിൻ്റെയും കവര്‍ വാങ്ങുന്നതിൻ്റെയും ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നന്ദകുമാര്‍ പ്രദര്‍ശിപ്പിച്ചത്. അനിലിൻ്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്ത് വിട്ടു.

അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു.

26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ പണമിടപാടിന് ഇടനില നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞു അതിൻ്റെ രേഖകളെല്ലാം കൈമാറി. അപ്പോഴാണ് ഡല്‍ഹി 2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം നല്‍കിയതെന്നു നന്ദകുമാര്‍. ഇതിൻ്റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു. എന്നാല്‍, ഈ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതേവസ്തു നല്‍കാമെന്ന് പറഞ്ഞ് മറ്റു രണ്ടുപേരില്‍ നിന്ന് ശോഭ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു നല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*