
ആലപ്പുഴ: വിവിധ ഡേറ്റിങ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചു വരികയാണെന്നും സൂക്ഷിക്കണമെന്നും മന്ത്രാലയം മുന്നിറിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകൾ ധാരാളം പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.
ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തുകയും ചെയ്യും. ചിലർ ഇത്തരം കെണിയിൽ പെട്ട് വൻതുക നിക്ഷേപിക്കും. ഇതു പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഫീസ് ആവശ്യപ്പെടും.
പിന്നീട് പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇതിനകം തട്ടിപ്പ് സംഘം കടന്നുകളയും. ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Be the first to comment