അന്നയുടെ മരണം; കമ്പനിക്കയച്ച കത്ത് ചോർന്നതിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് EY

അമിത ജോലി ഭാരത്തെ തുടർന്ന് പൂനെയിൽ കുഴഞ്ഞു വീണ് മരിച്ച അന്നാ സെബാസ്റ്റ്യൻ്റെ അമ്മ അയച്ച കത്ത് ചോർന്നതിൽ EY കമ്പനി ആഭ്യന്തര അന്വേഷണം തുടങ്ങി. ചെയർമാൻ ഉൾപ്പെടെ 7 പേർക്കാണ് ഔദ്യോഗികമായി കത്ത് നൽകിയിരുന്നത്, എന്നാൽ കമ്പനിക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് എങ്ങിനെയാണ് കിട്ടിയതെന്നും അന്വേഷണം ഉണ്ടാകും.

മകളുടെ മരണത്തിന് കാരണം ഓഫീസിലെ ജോലി ഭാരവും സമ്മർദ്ദവുമാണെന്ന് കാട്ടി ഏൺസ്റ് ആൻഡ് യങ് ഇന്ത്യ മേധാവി രാജീവ് മേമാനിക്ക് അന്നയുടെ അമ്മ അയച്ച കത്ത് പുറത്തായതിനെത്തുടർന്നാണ് വിഷയം ചർച്ചയായതും മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ EYയുടെ ഉന്നതഉദ്യോഗസ്ഥർ വീട്ടിൽ എത്തിയതും. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു അന്ന കമ്പനിയുടെ ഭാഗമാകുന്നത്. EY ഗ്ലോബലിന്റെ അനുബന്ധ കമ്പനിയായ എസ്സാർ ബാറ്റ്ലിബോയ് കമ്പനിയിലായിരുന്നു അന്ന ജോലി ചെയ്തിരുന്നത്. ഈ ടീമിൽനിന്ന് ജോലി സമ്മർദ്ദം കാരണം നിരവധി പേർ രാജിവെച്ചു പോയിരുന്നു. ജൂലൈ 20 നാണ് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്.

അതേസമയം, അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി രംഗത്തുവന്നിരുന്നു. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. 18 മണിക്കൂർ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആൻമേരി പ്രതികരിച്ചു. അന്ന ശനി ,ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂർ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. 

ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി ആൻ മേരി പറഞ്ഞു. തുടർച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന ജോലിയെടുത്തിരുന്നു. ഇടവേളകളില്ലാതെയായിരുന്നു അന്ന തൊഴിലിടത്ത്. സന്തോഷിക്കാൻ മാത്രം അന്നയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. ജോലി നിർത്തുന്നുവെന്ന് പലരോടും അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് ആൻ മേരി പറയുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*