അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. തൊഴിൽ ചൂഷത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴിൽ സഹമന്ത്രി ശോഭാ കരിന്ദലജേ വ്യക്തമാക്കി. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.
2024 മാർച്ചിലാണ് പൂനെ EY യിൽ അന്ന ജോയിൻ ചെയ്തത്. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാൽ തന്നെ വിശ്രമമില്ലാതെയാണ് അവൾ അധ്വാനിച്ചതെന്ന് അനിത ചെയർമാന് നൽകിയ കത്തിൽ പറയുന്നു. പക്ഷെ, പോകെ പോകെ, ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ധം അന്നയെ തളർത്താൻ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവൾ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മർദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന അപ്പോഴും വിശ്രമമില്ലാതെ ജോലി തുടരുകയായിരുന്നു എന്ന് അനിത അയച്ച മെയിലിൽ പറയുന്നു.
ജൂലൈ 20 നായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യൻ പേരയിൽ ഹോസ്റ്റലിൽ കുഴഞ്ഞു വീണ് മരിക്കുന്നത്. മകൾ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ജനരോഷമുയർന്നിരുന്നു.
Be the first to comment