നവീന്‍ ബാബുവിന്‍റെ മരണം; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് കലക്ടര്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽനിന്നു വിട്ടുനിന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. പിണറായിയിലെ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് കലക്ടർ വിട്ടുനിന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദത്തിലായതോടെയാണ് കലക്ടർ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് സൂചന. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെതിരെ ദിവ്യ നടത്തിയ ആരോപണമാണ് അദ്ദേഹത്തിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആക്ഷേപം. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് കലക്ടറാണ് എന്ന ദിവ്യയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. നവീന്‍ ബാബുവുമായി കലക്ടര്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നും പൊലീസിന് മൊഴി ലഭിച്ചു. ഇതോടെ കലക്ടര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

നവീൻ ബാബുവിന്റെ മരണത്തിൽ അരുൺ കെ.വിജയനെ സ്ഥലം മാറ്റണോ എന്നത് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ തീരുമാനിക്കും. അവധിയിൽ പോകാമെന്ന താൽപര്യം കലക്ടർ അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നാളെ റവന്യു വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചേക്കും.

ഇതിനിടെ, കലക്ടർ അരുൺ കെ.വിജയൻ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടിരുന്നു. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ചു. കലക്ടറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റിലധികം നീണ്ടു.

Be the first to comment

Leave a Reply

Your email address will not be published.


*