സിദ്ധാർത്ഥന്റെ മരണം ; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി, ഗവർണർക്ക് പരാതി നൽകി കുടുംബം

കൽപ്പറ്റ : വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പ്രതികളെ പരീക്ഷ എഴുതാൻ അനുമതി നൽകിയതിൽ ഗവർണർക്ക് പരാതി നൽകി സിദ്ധാർത്ഥിന്റെ കുടുംബം. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് സിദ്ധാർത്ഥന്റെ കുടുംബം ഗവർണർക്ക് പരാതി നൽകിയത്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണ് കോളേജ് അധികൃതരുടെ നടപടിയെന്ന് പരാതിയിൽ പറയുന്നുണ്ട്.

യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് പ്രതികളെ സംരക്ഷിക്കുന്നതിനായി ഉണ്ടായ നടപടിക്കെതിരെയാണ് പരാതിയെന്ന് സിദ്ധാർത്ഥന്റെ കുടുംബം പ്രതികരിച്ചു. പരാതി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി വിസിക്ക് അയക്കുമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. സിബിഐ ഏറ്റെടുത്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരീക്ഷ എഴുതാൻ പ്രതികൾക്ക് ഹൈക്കോടതി അനുമതി നൽകിയത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവാദം നൽകിയിരുന്നു. ഹാജർ ഇല്ലാതെ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് നേരത്തെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ എന്ന സംഘടന വെറ്ററിനറി വിസിക്ക് നിവേദനം നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*