സിദ്ധാർഥന്‍റെ മരണം ; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്. സിദ്ധാര്‍ഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പിന്നാലെയാണ് അന്വേഷണ കമ്മിഷനും റിപ്പോർട്ട് സമർപ്പിച്ചത്. മാര്‍ച്ചിലാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാന്‍സലര്‍ കൂടിയായ ഗവർണർ നിയോഗിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയയ്ക്കുകയായിരുന്നു. ഇതേതുടർന്ന് വിരമിച്ച ജഡ്ജിമാരുടെ പേരുകൾ കോടതി ഗവർണർക്ക് കൈമാറി.

ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തെരഞ്ഞെടുത്തത്. രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നുമടക്കം 29 പേരുടെ മൊഴി കമ്മിഷൻ രേഖപ്പെടുത്തിയിരുന്നു. സംഭവം തടയുന്നതില്‍ വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ക്യാംപസിന്‍റേയും ഹോസ്റ്റലിന്‍റേയും പ്രവർത്തനങ്ങളിൽ അധികൃതർ കാണിച്ച വീഴ്ച കമ്മിഷൻ അന്വേഷിച്ചിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും കമ്മിഷൻ ശുപാർശ ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*