വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം; ഒന്നാംപ്രതി അഖിൽ പോലീസ് കസ്റ്റഡിയിൽ

വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി അഖിൽ പോലീസ് കസ്റ്റഡിയിൽ.  കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ്.  ഒന്നാം വർഷ വിദ്യാർഥിയാണ് അഖിൽ കെ. റാഗിങ്ങ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജ് സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 11 പേർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം ആറ് വിദ്യാർഥികളെ കൽപ്പറ്റ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.  സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പുറമെയുള്ള ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി അഭിഷേക് എസ് ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.  തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു.

പിന്നാലെയാണ് കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യ്തത്.  സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെയും വിമർശനങ്ങളുണ്ട്.  കോളേജ് ഡീൻ ഉൾപ്പെടെ പ്രതികളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.  ഫെബ്രുവരി 15ന് വീട്ടിലേക്ക് യാത്ര തിരിച്ച സിദ്ധാർഥനെ പാതിവഴിയിൽ വച്ച് കോളേജിലേക്ക് തിരികെ വിളിച്ച ശേഷമായിരുന്നു റാഗിങ്ങ്.  ക്യാമ്പസിനുള്ളിൽ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെൽറ്റും വയറും ഉപയോഗിച്ച് മർദിച്ചുവെന്നും സിദ്ധാർഥന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*