പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം;ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി ന്യൂനപക്ഷകമ്മീഷന്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് അറിയിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത സിറ്റിംഗിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. യുവതിയുടെ മരണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. യുവതിയുടെ മരണ കാരണം ചികിത്സാ പിഴവല്ലെന്ന് കാട്ടിയായിരുന്നു അന്വേഷണത്തിനായി നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 

കരൂര്‍ തൈവേലിക്കകം ഷിബിന (31) ആണ് മരിച്ചത്. സര്‍ജറി വിഭാഗം മേധാവി ഡോ.സജികുമാര്‍ ചെയര്‍മാനായ സമിതിയാണ് അന്വേഷണം നടത്തിയത്. മാര്‍ച്ച് 21ാം തീയതിയായിരുന്നു ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ാം തീയതി പെണ്‍കുഞ്ഞ് ജനിച്ചു. പിന്നാലെ ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു.

 ഡിസ്ചാര്‍ജ് ചെയ്യുന്ന ഘട്ടത്തില്‍ അവശതകളെപ്പറ്റി ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യത്തിലെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ ഈ മാസം ആദ്യം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഏപ്രില്‍ 28 ന് മരണപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*