ഗുജറാത്തിൽ തൂക്കുപാലം തകർന്നുള്ള മരണസംഖ്യ 142 ആയി; പാലത്തിന്റെ ചരിത്രം നോക്കാം

മോര്‍ബി:ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്ന് കൊണ്ടേയിരിക്കുന്നു. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും സ്ഥലത്തുണ്ട്. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. 

*തൂക്കുപാലത്തിന് 140 വര്‍ഷത്തിലേറെ പഴക്കം 

1879 ഫെബ്രുവരി 20 ന് മുംബൈ ഗവര്‍ണറായ റിച്ചാര്‍ഡ് ടെമ്പിളാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏകദേശം 3.5 ലക്ഷം രൂപ ചെലവില്‍ 1880-ല്‍ പണി പൂര്‍ത്തിയാക്കി. പാലം പണിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളെല്ലാം ഇംഗ്ലണ്ടില്‍ നിന്നാണ് എത്തിച്ചിരുന്നത്. ഇത് ദര്‍ബര്‍ഗഡിനെ നസര്‍ബാഗുമായി ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ചതാണ്. ഇപ്പോള്‍, ഈ പാലം മഹാപ്രഭുജിയുടെ ആസനത്തെയും സമകാന്ത ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്നു. ഈ തൂക്കുപാലത്തിന് 140 വര്‍ഷത്തിലേറെ പഴക്കമുണ്ട്, അതിന്റെ നീളം ഏകദേശം 765 അടിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന പാലം ഗുജറാത്തി പുതുവര്‍ഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26 ന് നവീകരണത്തിന് ശേഷമാണ് വീണ്ടും തുറന്നത്‌.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്ന് മോര്‍ബി മുനിസിപ്പല്‍ കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.വി. സാല പറഞ്ഞു.’ ദീര്‍ഘകാലമായി, പാലം അടച്ചിരിക്കുകയായിരുന്നു, ഏഴുമാസം മുമ്പ്, നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള കരാര്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കുകയും ഒക്ടോബറില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ഒക്ടോബര്‍ 26-ന് (ഗുജറാത്തി പുതുവത്സര ദിനം) ഒരു സ്വകാര്യ കമ്പനിയാണ് ഇത് തുറന്നത്. ഇതിന് മുനിസിപ്പാലിറ്റി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല’ എസ്.വി. സാല പറഞ്ഞു.

എന്‍ജിനീയറിങ് കമ്പനിയില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇതുവരെ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചിട്ടില്ല. തങ്ങളേയും നഗരസഭയേയും അറിയിക്കാതെയാണ് കമ്പനി പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്ന് എസ്.വി. സാല ആരോപിച്ചു.

പൊതുവെ പാലങ്ങള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുമ്പോള്‍ അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പ് സാങ്കേതിക വിലയിരുത്തല്‍ അനിവാര്യമാണെന്നും ഭാരം വഹിക്കാനുള്ള ശേഷി പരിശോധിക്കണമെന്നും അതിന് ശേഷം ബന്ധപ്പെട്ടവര്‍ നല്‍കുന്ന യൂസ് സര്‍ട്ടിഫിക്കറ്റ് പ്രകാരമേ ആളുകളെ കയറ്റാനാവൂ എന്നും മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പാലങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയൂ.

Be the first to comment

Leave a Reply

Your email address will not be published.


*