ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം, ദുരന്തഭൂമിയായി മുണ്ടക്കൈ; മരണം 60; നിരവധി പേര്‍ മണ്ണിനടിയിലെന്ന് സംശയം

കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലില്‍ മരണം 60 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്.

വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്.

പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറുമൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഒമ്പത് ലയങ്ങള്‍ ഒലിച്ചുപോയി. 65 കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നാലു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും ഒലിച്ചുപോയി. മുണ്ടക്കൈയിലെ റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളും അപകടത്തില്‍പ്പെട്ടു. പ്രദേശത്തെ സ്‌കൂള്‍, വീടുകള്‍ തുടങ്ങി കനത്ത നാശനഷ്ടമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു.

മേപ്പാടി വിംസില്‍ 77 പേരെ എത്തിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ബന്ധപ്പെട്ടു. സ്ഥിതി​ഗതികൾ വിലയിരുത്തിയ കേന്ദ്രമന്ത്രി, രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകാൻ സേനയ്ക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*