
ഏറ്റുമാനൂർ : നഗരഹൃദയത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും തകരാർ പരിഹരിക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല. പത്തു വർഷങ്ങൾക്കു മുൻപ് ഏറ്റുമാനൂർ ഗ്രാമപ്പഞ്ചായത്ത് ആയിരുന്ന കാലത്ത് ലക്ഷങ്ങൾ മുടക്കിയാണ് സെൻട്രൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷൻ.
4 ദിശകളിൽ നിന്നെത്തുന്ന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ നാല് ദിവസം മാത്രമാണ് ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിച്ചത്. പിന്നീട് സിഗ്നൽ ലൈറ്റ് തെളിഞ്ഞത് ആരും കണ്ടിട്ടില്ല. ഗതാഗത സുരക്ഷ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും മഴയും കനത്ത വെയിലും ഉണ്ടാകുമ്പോൾ ഇവർക്ക് ഗതാഗത നിയന്ത്രണം സാധ്യമല്ലാതെ വരും.
ഈ സമയങ്ങളിൽ വൻ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ശനിയാഴ്ചയും വൈകുന്നേരങ്ങളിലുമാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. ചില ദിവസങ്ങളിൽ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും റോഡിലിറങ്ങിയാൽ പോലും കുരുക്കിനു പരിഹാരം കാണാൻ കഴിയാത്ത സാഹചര്യമാണ്. സിഗ്നൽ ലൈറ്റിന്റെ അഭാവം മൂലം റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത് കാൽനട യാത്രക്കാരാണ്.
മഴയിലും വെയിലിലും സെൻട്രൽ ജംക്‌ഷനിലെ ട്രാഫിക് നിയന്ത്രിക്കുവാൻ പോലീസ് ഉദ്യോഗസ്ഥന്മാരും ഹോം ഗാർഡും ബുദ്ധിമുട്ടുകയാണ് . അടിയന്തരമായി സിഗ്‍നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടർ എന്നിവർക്കും നഗരസഭയ്ക്കും പരാതി നൽകുമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ് പറഞ്ഞു.
Be the first to comment