പകർച്ചവ്യാധി; കോട്ടയം ജില്ലയിൽ പ്രതിരോധം ശക്തമാക്കും: ജില്ല കലക്ടർ വി. വിഗ്നേശ്വരി

കോട്ടയം: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ല കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കൊതുക് ഉറവിട നിർമാർജനദിനം ശക്തമായി തുടരും. വെള്ളിയാഴ്ച- വിദ്യാലയങ്ങൾ, ശനി- സ്ഥാപനങ്ങൾ, ഞായർ വീടുകൾ എന്ന രീതിയിലാണ് കൊതുക് ഉറവിട നിർമാർജനദിനം നടപ്പാക്കുന്നത്. സ്കൂളുകളിലെ അസംബ്ലിയിൽ ആഴ്ചയിലൊരിക്കൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച സന്ദേശം നൽകാനും തീരുമാനിച്ചു.

ആശ പ്രവർത്തകർക്ക് പുറമെ അംഗൻവാടി പ്രവർത്തകരും എല്ലാ ദിവസവും വൈകീട്ട് 3.30നുശേഷം അര മണിക്കൂർ പ്രദേശത്തെ 10 വീട് സന്ദർശിച്ച് ശുചിത്വ നിർദേശങ്ങൾ നൽകാനും കലക്ടർ നിർദേശിച്ചു. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് പനി, ഡെങ്കിപ്പനി, എച്ച്1 എൻ1 പനി, വയറിളക്ക രോഗങ്ങൾ എന്നിവ വർധിച്ചതായി ജില്ല രോഗനിരീക്ഷണ ഓഫിസർ ഡോ. സി.ജെ. സിത്താര യോഗത്തിൽ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോൾ, മൃഗസംരക്ഷണ വകുപ്പ് ഉപഡയറക്ടർ ഡോ. കെ. എം. വിജിമോൾ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വിദ്യാധരൻ, കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, ജില്ല മീഡിയ എജുക്കേഷൻ ഓഫിസർ ഡോമി ജോൺ, ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണർ സി.ആർ. രൺദീപ്, ഡോ. കെ.ജി. സുരേഷ്, ഡോ. വി. അരുൺകുമാർ, ഡോ. അനൂപ,  ഡോ. ത്രേസിയാമ്മ ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*