ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ, മരണ സംഖ്യ ഉയരുന്നു

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇസ്രയേലിന് നേരയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഹമാസ് പ്രവര്‍ത്തകര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

സംഘര്‍ഷം രൂക്ഷമായകിന് പിന്നാലെ തന്നെ ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയെന്നും ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പോലീസ് സ്‌റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈനിക നടപടിയില്‍ നാലു പലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസിന്റെ വലിയ ആക്രമണം ഉണ്ടായത്. ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ എന്ന പേര് പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ നടപടി. അൽ ഖസ്സാം ബ്രിഗേഡ്സ് എന്ന ഹമാസിന്റെ സൈനിക വിഭാഗമാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേലും യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ പ്രത്യാക്രമണം.

Be the first to comment

Leave a Reply

Your email address will not be published.


*