
കോട്ടയം: കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാനപാത്രമേതായാലും വിഷം കുടിക്കരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
‘കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാന്‍ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല.
മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്’ എന്ന് മുഖപ്രസംഗത്തിന്റെ ആദ്യ വരികളില്‍ തന്നെ സഭ നിലപാട് വ്യക്തമാക്കുന്നുണ്ട്.’വിശ്വാസികളോടല്ല, വർഗീയവാദികളോടാണ് നാം “മാ നിഷാദ’ എന്നു പറയുന്നത്. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട.
അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. അതു തിരിച്ചറിയാത്തവർ ആരായാലും ബലിവസ്തു പീഠത്തിൽ വച്ചിട്ട് ക്രിസ്തുവിനെയും തന്നെത്തന്നെയും തിരിച്ചറിഞ്ഞിട്ടു വേണം ബലിയർപ്പിക്കാൻ’ എന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
Be the first to comment