ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ആം ആദ്‌മി പാർട്ടി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സിറ്റിങ് എംഎൽഎമാരുടെ സീറ്റ് വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നീക്കങ്ങൾ ഇത്തവണ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ആം ആദ്‌മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. ഒരു ജില്ലാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്.

‘ഇത്തവണ എംഎൽഎമാർക്ക് ആലോചിച്ച് മാത്രമേ സീറ്റ് നൽകൂ. എനിക്ക് രാഷ്ട്രീയത്തിൽ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഇല്ല. ഞാൻ ജയിലിൽ കിടന്നപ്പോൾ പലരും എൻ്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞു. എന്നാൽ എനിക്കതിന് താത്‌പര്യമില്ല. സീറ്റ് നൽകുന്നതിൽ സുതാര്യത നിലനിർത്തും, തികഞ്ഞ സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കുന്നവർക്കേ ഇത്തവണ അവസരം ലഭിക്കൂ. പിന്തുണ കെജ്‌രിവാളിനോട് മാത്രമായിരിക്കണം അല്ലാതെ ഏതെങ്കിലും എംഎൽഎയോടോ കൗൺസിലറോടോ ആകാൻ പാടില്ല’ – അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ 70 സീറ്റുകളിലും കെജ്‌രിവാൾ മാത്രമേ മത്സരിക്കൂ എന്നും സീറ്റ് ആർക്ക് ലഭിച്ചാലും പൂർണമനസോടുകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. പാർട്ടിയിൽ വിദ്വേഷത്തിന് ഇടമുണ്ടാവരുത്, ഓരോ വോട്ടറെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പ്രവർത്തകരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ആം ആദ്‌മി പാർട്ടിയിലെ സീറ്റ് വിതരണ പ്രക്രിയ മുമ്പത്തേക്കാൾ തികച്ചും വ്യത്യസ്‌തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമുഖങ്ങൾക്ക് അവസരം: കെജ്‌രിവാളിൻ്റെ ഈ പ്രസ്‌താവന നിലവിലെ എംഎൽഎമാർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി നിരവധി സ്ഥാനാർഥികളെ നിലനിർത്തിയിരുന്നു. എന്നാൽ ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും ഇതുവരെ സുപ്രധാനമായ ഒരു പദവിയും ലഭിക്കാത്ത പ്രവർത്തകർക്ക് അവസരം നൽകാനാണ് ഇത്തവണ പാർട്ടി ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. ഇത്തവണ പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് കെജ്‌രിവാൾ തീരുമാനിച്ചതെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*