കസ്റ്റഡിയിലും ഭരണം നടത്തി കെജ്‌രിവാള്‍; ലോക്കപ്പില്‍ നിന്ന് ആദ്യ ഓര്‍ഡര്‍ പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി

ജയിലിനുള്ളില്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ (ഇ ഡി) ലോക്കപ്പില്‍ നിന്ന് ആദ്യത്തെ ഓര്‍ഡര്‍ പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഓര്‍ഡര്‍ ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നുവെന്ന് ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചു.

ഇ ഡി കസ്റ്റഡിയിലാണെങ്കിലും നഗരത്തിലെ ചില പ്രദേശങ്ങളിലെ വെള്ളത്തിന്റെയും മലിനജലത്തിന്റെയും കാര്യത്തില്‍ മുഖ്യമന്ത്രി ആശങ്കാകുലനാണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ വാട്ടര്‍ ടാങ്കുകള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞതായും അതിഷി ഓര്‍ഡര്‍ വായിച്ചുകൊണ്ട് വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കില്ലെന്നും ഡല്‍ഹിയിലെ ജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുകയെന്നും അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഡല്‍ഹിയിലെ ജനങ്ങളെ ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മധ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ കെജ്‌രിവാളിനെ ഒരാഴ്ചത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിന് പിന്നാലെ തന്നെ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്മി അറിയിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയമതടസമില്ലെങ്കിലും ജയില്‍ നിയമങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇപ്പോള്‍ കെജ്‌രിവാള്‍ ഓര്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*