ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക വസിതിയില്‍ നിന്നാണ് അറസ്റ്റ്. മുഖ്യമന്ത്രി വസിതിയിലുള്ളപ്പോഴാണ് അറസ്റ്റ് നടന്നത്. സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലാണ് നിലവില്‍ വിഭവിനെ എത്തിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വിഭവ് തന്റെ കരണത്തടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും ഉള്‍പ്പെടെയാണ് സ്വാതി മാലിവാള്‍ പരാതിപ്പെട്ടിരുന്നത്.

എന്നാല്‍ സ്വാതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാര്യമായ പരുക്കുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.സ്വാതി മാലിവാളിന് മര്‍ദനമേറ്റ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസിതിയുടെ പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കെജ്രിവാളിന്റെ വസിതിയുടെ ദൃശ്യങ്ങളുടെ ഡിവിആര്‍ ഡല്‍ഹി പോലീസ് സീല്‍ ചെയ്തിരുന്നു. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ കെജ്രിവാളിന്റെ മൗനം ചൂണ്ടിക്കാട്ടി ബിജെപി ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

മര്‍ദനമേറ്റ് ഇഴഞ്ഞാണ് താന്‍ മുഖ്യമന്ത്രിയുടെ വസിതിയില്‍ നിന്ന് പുറത്തുവന്നതെന്ന് പരാതിയില്‍ സ്വാതി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ സ്വാതിയ്ക്ക് ഇല്ലായിരുന്നുവെന്ന് ഗേറ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് ഡല്‍ഹി മന്ത്രി അദിഷി അല്‍പസമയം മുന്‍പ് പ്രതികരിച്ചിരുന്നു. സ്വാതി മലിവാളുമൊത്ത് കെജ്‌രിവാളിന്റെ വസതിയില്‍ പരിശോധന നടത്തിയ  പോലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു.

അതിനിടെ സ്വാതിക്കെതിരെ പരാതി നല്‍കിയ വിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സ്വാതി അതിക്രമിച്ച് കയറി സുരക്ഷാവീഴ്ചയുണ്ടാക്കിയെന്നും തന്നെ തള്ളി എന്നും ആരോപിച്ചിരുന്നു. വിഭവിന്റെ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാതിരുന്ന വിഭവ് കുമാറിനോട് ഇന്ന് ഹാജരാക്കണമെന്ന് വനിത കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*