മത്സരിച്ച ആറ് സീറ്റിലും 500 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത നാണക്കേട്. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍.

ദേശീയ പാര്‍ട്ടിയായ സിപിഐഎം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കരാവല്‍ നഗറിലും ബദാര്‍പൂറിലും. കരാവല്‍ നഗറില്‍ അശോക് അഗര്‍വാള്‍ 457 വോട്ടും ബദര്‍പൂരില്‍ ജഗദീഷ് ചന്ദ് 367 വോട്ടും നേടി. ഈ മണ്ഡലങ്ങളില്‍ നോട്ടക്ക് ലഭിച്ച വോട്ടുകള്‍ യഥാക്രമം 709, 915 എന്നിങ്ങനെയാണ്.

സിപിഐ സ്ഥാനാര്‍ത്ഥിയായി വികാസ്പുരിയില്‍ മത്സരിച്ച ഷെജോ വര്‍ഗീസിനാണ് ഇടത് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത്. ഷെജോ വര്‍ഗീസ് 463 വോട്ടുകള്‍ നേടി. പാലം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി ദലിപ് കുമാറിന് ലഭിച്ചത് 326 വോട്ടുകള്‍. സിപിഐഎംഎലിന്റെ നരേലയിലെ സ്ഥാനാര്‍ഥി അനില്‍ കുമാര്‍ സിംഗിന് 328 വോട്ടുകളും, കൊണ്ഡ്‌ലിയില്‍ അമര്‍ജീത് പ്രസാദിന് 100 വോട്ടുകളുമാണ് ലഭിച്ചത്.

ഇടത് പാര്‍ട്ടികളുടെ ആറ് സ്ഥാനാര്‍ഥികള്‍ക്കും ചേര്‍ത്ത് ആകെ ലഭിച്ചത് 2041 വോട്ടുകളാണ്. 0.01 ശതമാനമാണ് സിപിഐഎമ്മിനും സിപിഐക്കും ലഭിച്ച വോട്ടു വിഹിതം. നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ ലഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*