ഡൽഹി ഐഎഎസ് പരിശീലന കേന്ദ്രത്തിലെ അപകടം: നിയമലംഘനം കണ്ടെത്തിയ 13 സെന്ററുകൾ സീൽ ചെയ്തു

ഡൽഹി ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ മഴവെള്ളം കയറി വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്ത് മുൻസിപ്പൽ അധികൃതർ. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ റാവൂസ് സ്റ്റഡി സർക്കിള്‍ എന്ന യുപിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മലയാളിയടക്കം മൂന്നുപേരായിരുന്നു ശനിയാഴ്ച മരിച്ചത്.

അതേസമയം, അപകടത്തിൽ മരിച്ച എറണാകുളം സ്വദേശി നവീൻ ഡാൽവിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിക്കും. സംഭവം നടന്ന റാവൂസ് പരിശീലനം കേന്ദ്രം ഇതിനകം സീൽ ചെയ്തിട്ടുണ്ട്. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ ലൈബ്രറി നടത്തിയത് അനധികൃതമായിട്ടാണെന്ന് അധികൃതർ പറയുന്നത്.

ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങൾ സീൽ ചെയ്യുമെന്നും പലതും നിരീക്ഷണത്തിലാണെന്നുമാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നത്. നിയമലംഘനം നടത്തിയ പരിശീലന കേന്ദ്രങ്ങൾ കണ്ടെത്താൻ ഡൽഹി മുൻസിപ്പൽ മേയർ ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്ച സീൽ ചെയ്ത ഓള്‍ഡ് രാജേന്ദ്ര നഗറിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചു പോന്നിരുന്ന സെൻ്ററുകളിൽ കാലങ്ങളായി ചട്ടങ്ങൾ ലംഘിച്ച് കെട്ടിടത്തിൻ്റെ ബേസ്‌മെന്റുകളിലാണ് ക്ലാസ് മുറികൾ ഉണ്ടായിരുന്നത്. ഐഎഎസ് ഗുരുക്കൾ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ട്സ്, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഈസി ഫോർ ഐഎഎസ് എന്നിവയാണ് നടപടിക്ക് വിധേയമായത്.

അപകടമുണ്ടായ റാവൂസിൽ മഴ ആരംഭിച്ചുകഴിഞ്ഞാൽ പത്ത് മിനുറ്റിനുള്ളിൽ തന്നെ ബേസ്‍മെന്റിൽ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു നിലനിന്നിരുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്. പരിശീലനകേന്ദ്രത്തിന്റെ ലൈബ്രറിയുടെ 80 ശതമാനത്തോളം ബേസ്‍മെന്റിലാണെന്നും ഇതിനെതിരെ ഒരു നടപടിയും ഇതുവരെ കോർപറേഷൻ സ്വീകരിച്ചിട്ടില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു.

അതിനിടെ, അപകടം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ഞായറാഴ്ച ഡിവിഷണൽ കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ഏജൻസികളുടെ കുറ്റകരമായ അനാസ്ഥയാണെന്നും രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സംഭവം നിർഭാഗ്യകരമാണെന്നും സക്‌സേന പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*