ആം ആദ്മി പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാൻ ലഫ്റ്റനൻ്റ് ഗവർണർ ഉത്തരവ്; തിരഞ്ഞെടുപ്പിൽ ബിജെപി തോൽവി സമ്മതിച്ചെന്ന് അരവിന്ദ് കെജ്‍രിവാൾ

ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് ഡൽഹി ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണർക്കും പ്രത്യേകം നിർദ്ദേശം നൽകി. എന്നാൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ തൻ്റെ പാർട്ടിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ മഹിളാ സമ്മാൻ യോജനയുടെ മറവിൽ പാർട്ടി വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നുവെന്നും ഇത് അഴിമതിയാണെന്നുമാണ് കോൺഗ്രസ് ആരോപണം.

ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ വസതികൾക്ക് സമീപം പഞ്ചാബ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളതായി കോൺഗ്രസ് ആരോപിക്കുന്നു. കൂടാതെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് ആം ആദ്മി പാർട്ടി കള്ളപണം കടത്തിയെന്ന ആരോപണങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുന്നു. ഡൽഹിയിൽ നിയമത്തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ഉത്തരവിട്ടത്.

അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ വാഗ്ദാനം ചെയ്യുന്ന എഎപി ആവിഷ്കരിച്ച മഹിളാ സമ്മാൻ യോജനയെക്കുറിച്ചുള്ള ആശങ്കകളും സന്ദീപ് ദീക്ഷിതിൻ്റെ പരാതിയിൽ ഉണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചുവെന്ന പരാതിയിൽ ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോട് തദ്ദേശ ഭരണ സമിതി നിർദേശം നൽകി. അനധികൃത രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹിളാ സമ്മാന് യോജനയ്ക്കും സഞ്ജീവനി യോജനയ്ക്കും സർക്കാർ അംഗീകാരമില്ലെന്നും അവ നിലവിലില്ലെന്നും കാണിച്ച് ഡൽഹി സർക്കാരിൻ്റെ വനിതാ ശിശു വികസന, ആരോഗ്യ വകുപ്പുകൾ നേരത്തെ പരസ്യം നൽകിയിരുന്നു. അനധികൃത വ്യക്തികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനെതിരെ സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുകയും രജിസ്ട്രേഷനുകൾ തട്ടിപ്പാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം സ്ത്രീകൾക്ക് 2100 രൂപയും 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ബിജെപി പരിഭ്രാന്തരായെന്നും കെജ്‌രിവാൾ പറഞ്ഞു. ബിജെപി വിജയിച്ചാൽ മഹിളാ സമ്മാന് യോജന, സഞ്ജീവനി യോജന, സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം, എന്നിവ നിർത്തലാക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

അന്വേഷണ ഉത്തരവ് വന്നത് ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസിൽ നിന്നല്ല, അമിത് ഷായുടെ ഓഫീസിൽ നിന്നാണേന്ന് അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ബഹുമാനിക്കാത്തതിനാൽ ഡൽഹിയിൽ മഹിളാ സമ്മാൻ യോജന നിർത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പി സമ്മതിച്ചു എന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനായി പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പണം കടത്തുന്നുണ്ടെന്ന് ലഫ്.ഗവർണർക്ക് ദീക്ഷിത് നൽകിയ പരാതിയിൽ പറയുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് നിർദ്ദേശം നൽകി. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ പോലീസ് സേനയ്ക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*