ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റെയ്ഡില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നകേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം ആരംഭിച്ചു.

അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട്. ഒന്‍പതാം തവണയും സമന്‍സ് അയച്ചതിന് പിന്നാലെയാണ്, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിംസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 22-ന് വാദം കേള്‍ക്കാനായി ഹര്‍ജി മാറ്റിയിരുന്നു.

ഇ ഡി നല്‍കിയ രണ്ട് പരാതികളില്‍ കെജ്രിവാളിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഇ ഡി ഒന്‍പതാമത്തെ സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് വിസ്സമ്മതിച്ച കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ഇ ഡിയുടെ പ്രധാന ആവശ്യം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ദേശസ്‌നേഹിയായ അരവിന്ദ്‌ കെജ്‌രിവാള്‍ മോദിയുടെ നീക്കത്തിന് മുന്നില്‍ ഭയപ്പെടില്ല എന്നാണ് വിഷയത്തില്‍ എഎപിയുടെ ആദ്യ പ്രതികരണം. ഡല്‍ഹിയിലെ ഇ ഡി ഓഫീസിലേക്കാകും അദ്ദേഹത്തെ കൊണ്ടിവരിക. ഇ ഡി ഓഫീസിന് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തിന് മുന്നില്‍ നാല് കമ്പനി പാരാമിലിട്ടറി സൈന്യത്തെ വിന്യസിച്ചു.

അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിച്ചെന്ന് എഎപി മന്ത്രി അതിഷി ഘോഷ് അറിയിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാണ് എഎപിയുടെ ആവശ്യം. അറസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പിന്റെ പേരില്‍ അരവിന്ദ് കെജ് രിവാളിനെ ഈ രീതിയില്‍ നോട്ടമിടുന്നത് തികച്ചും തെറ്റും ഭരണഘടനാവിരുദ്ധവുമാണ് എന്ന് പ്രിയങ്ക പ്രതികരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*