ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി വിചാരണ കോടതിയുടെ അനുമതി. ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ അനുകൂല വിധി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിൻ്റെ മകള്‍ കവിത ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേസില്‍ കവിതയുടെ കൂടുതല്‍ മൊഴിയെടുക്കേണ്ടതുണ്ടെന്ന് സിബിഐ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാന കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് കവിതയെ മാര്‍ച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്.
Be the first to comment