ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് രാഷ്ട്രീയമല്ല, നിയത്തിനാണ് പ്രഥമ പരിഗണന എന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല വിധിന്യായങ്ങള്‍ എഴുതുന്നത്.
നിയമ തത്വങ്ങള്‍ കൊണ്ടാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മാർച്ച് 21ന് രാത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റ് എന്ന് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. മദ്യനയ അഴിമതിപ്പണത്തിന്റെ ഒരുപങ്ക് ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ എസ് വി രാജു കോടതിയിൽ വാദിച്ചത്. ഇ ഡി അറസ്റ്റിന്റെ ഏക ലക്ഷ്യം അരവിന്ദ് കെജ്രിവാളിനെ അപമാനിക്കുകയിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിച്ചു.
വ്യക്തമായ അന്വേഷണമോ മൊഴിയോ അറസ്റ്റിലേക്ക് നയിക്കാൻ അടിസ്ഥാനമായേക്കാവുന്ന വസ്തുതകളോ ഇല്ലാതെയാണ് ഇഡി പ്രവർത്തിച്ചതെന്നും അദ്ദേഹം വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും പ്രതികൾ അത് സമ്മതിച്ചിട്ടുമുണ്ടെന്നും ഇഡി വാദിച്ചു. മൊഴിയുടെ ചില ഭാഗങ്ങൾ ഉയർത്തിക്കാട്ടി കെജ്‌രിവാൾ പ്രതിരോധത്തിന് ശ്രമിക്കുയാണെന്നും ഇ ഡി വാദിച്ചു. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എംഎൽഎയായ ദുർഗേഷ് പഥക്കിനെയും കഴിഞ്ഞ ദിവസം ഇഡി വീണ്ടും ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണ് ഇഡി ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നത്.ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി റെയ്ഡിൽ നിന്നും അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് ഇ ഡി സംഘം കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്രിവാളാണ് പ്രധാന ഗൂഢാലോചനക്കാരനെന്നാണ് ഇ ഡിയുടെ ആരോപണം.
Be the first to comment