രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ട് മണിക്കൂറിന്‍റെ ഇടവേളയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മൂന്ന് സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ അന്വേഷണ സംഘങ്ങള്‍ മേഖലകളില്‍ പരിശോധന നടത്തി.

പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്‌ജ് സ്‌കൂൾ, ഡിപിഎസ് അമര്‍ കോളനി എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂളില്‍ നിന്നും പുലര്‍ച്ചെ 4.21നും ശ്രീനിവാസ് പുരിയിലെ സ്‌കൂളില്‍ നിന്നും 6.23നും അമര്‍ കോളനിയില്‍ നിന്നും 6.35നുമാണ് ഭീഷണി സന്ദേശത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളെ അറിയിച്ചു. മൂന്ന് ഇടങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.

അതേസമയം, രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉയരുന്നത് നിലവില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, ഇക്കഴിഞ്ഞ ഡിസംബര്‍ 9ന് 44 സ്‌കൂളുകള്‍ക്ക് നേരെയും ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിശദമായി നടത്തിയ പരിശോധനയില്‍ ഈ ഭീഷണികളെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ബോംബ് ഭീഷണികളും അനുബന്ധ അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഉൾപ്പെടെ സമഗ്രമായ ഒരു കർമപദ്ധതി വികസിപ്പിക്കാൻ ഇക്കഴിഞ്ഞ നവംബര്‍ 19ന് ഡൽഹി ഹൈക്കോടതി സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കാൻ എട്ട് ആഴ്‌ച സമയപരിധിയാണ് കോടതി നിശ്ചയിച്ചത്.

അഭിഭാഷകനായ അർപിത് ഭാർഗവ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് നരുലയുടെതായിരുന്നു നിര്‍ദേശം. സ്‌കൂൾ പ്രതിനിധികൾ, നിയമ നിർവഹണ ഏജൻസികൾ, മുനിസിപ്പൽ അധികാരികൾ, മറ്റ് സംസ്ഥാന വകുപ്പുകൾ എന്നിവയുൾപ്പെടെ പ്രസക്തമായ പങ്കാളികളുമായി കൂടിയാലോചിച്ച് കര്‍മപദ്ധതി വികസിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 

Be the first to comment

Leave a Reply

Your email address will not be published.


*