ഡൽഹി സെക്രട്ടേറിയറ്റിൽ ഫയലുകളും രേഖകളും പുറത്ത് കൊണ്ടുപോകുന്നതിന് നിരോധനം, പരിശോധനയ്ക്കുശേഷം മാത്രം പ്രവേശനം; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്

അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ കൊണ്ടുപോകുന്നത് ഡൽഹി സെക്രട്ടേറിയറ്റ് നിരോധിച്ചു. വ്യക്തികൾക്ക് പരിസരത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഒരു ദശാബ്ദ കാലത്തെ ഭരണത്തിനുശേഷം ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തിനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക വിജയം നേടിയ സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

രേഖകളും ഫയലുകളും സംരക്ഷിക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പൊതുഭരണ വകുപ്പ് (ജിഎഡി) വ്യക്തമാക്കി. “സുരക്ഷാ ആശങ്കകളും രേഖകളുടെ സുരക്ഷയും കണക്കിലെടുത്ത് ജിഎഡി യുടെ അനുമതിയില്ലാതെ ഡൽഹി സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഫയലുകളോ രേഖകളോ കംപ്യൂട്ടർ ഹാർഡ്‌വെയറോ കൊണ്ടുപോകാൻ പാടില്ല” എന്ന് ഉത്തരവിൽ പറയുന്നു.

അതിനാൽ ഡൽഹി സെക്രട്ടേറിയറ്റിൽ സ്ഥിതി ചെയ്യുന്ന വകുപ്പുകൾ/ഓഫീസുകൾക്ക് കീഴിലുള്ള ബന്ധപ്പെട്ട ബ്രാഞ്ച് ഇൻ-ചാർജുകളോട് അവരുടെ സെക്ഷൻ/ബ്രാഞ്ചുകൾക്ക് കീഴിലുള്ള രേഖകൾ, ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് ഫയലുകൾ തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ഉത്തരവിലുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ ക്യാമ്പ് ഓഫീസുകൾക്കും രണ്ട് ഓഫീസുകളുടെയും ചുമതലയുള്ളവർക്കും ഉത്തരവ് ബാധകമാണ്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരക്കിട്ട ചര്‍ച്ചകള്‍; അന്തിമ പട്ടികയിൽ മൂന്ന് പേരുകൾ, സത്യപ്രതിജ്ഞ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുശേഷം

മറ്റൊരുത്തരവിൽ, സ്വകാര്യ വ്യക്തികളെ അവരുടെ ഐഡന്റിറ്റിയും സന്ദർശനത്തിന്റെ ഉദ്ദേശ്യവും കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ സെക്രട്ടേറിയറ്റ് സമുച്ചയത്തിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വകുപ്പ് വ്യക്തമാക്കി. ഡൽഹി സെക്രട്ടേറിയറ്റിന്റെ എല്ലാ നിലകളിലും നിരീക്ഷണം ശക്തമാക്കാൻ സ്വകാര്യ സുരക്ഷാ ഗാർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ നിലകളിലും 24 മണിക്കൂറും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

“സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ഉചിതമായ അധികാരിയുടെ അനുമതിയില്ലാതെ ഡൽഹി സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ അനധികൃത വ്യക്തികളെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഐഡന്റിറ്റിയും സന്ദർശനത്തിന്റെ ഉദ്ദേശ്യവും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഡൽഹി സെക്രട്ടേറിയറ്റ് സമുച്ചയത്തിലേക്ക് സ്വകാര്യ വ്യക്തികളുടെ പ്രവേശനം ഉറപ്പാക്കാവൂ,” രണ്ടാമത്തെ ഉത്തരവിൽ പറയുന്നു.

ഡൽഹി പോലീസ് ഉദ്യോഗസ്ഥരും റിസപ്ഷൻ ജീവനക്കാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. കൂടാതെ, സമുച്ചയത്തിന്റെ എല്ലാ നിലകളിലും ജാഗ്രത വർധിപ്പിക്കാൻ സ്വകാര്യ സുരക്ഷാ ഗാർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണം.

ശനിയാഴ്ച സെക്രട്ടേറിയറ്റ് പൂർണമായും സീൽ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു.

ശനിയാഴ്ച ഡൽഹിയിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, 70 അംഗ നിയമസഭയിൽ 48 സീറ്റുകളുമായി ബിജെപി വൻ വിജയം നേടി . 27 വർഷത്തിനുശേഷമാണ് ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്.

പത്ത് വർഷമായി അധികാരത്തിലിരുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമേ നേടാനായുള്ളു. പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ്, മുതിർന്ന നേതാവ് അവധ് ഓജ എന്നിവരുൾപ്പെടെ അവരുടെ പ്രമുഖരിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അതിഷി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രമേശ് ബിധൂരിയെ പരാജയപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*