
കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രം നിരോധിക്കണമെന്ന ഹർജിയിൽ കോടതിയില്‍ വാദം നടക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു ‘മര്‍മ്മ വിദ്യ’ എന്ന ആയോധന പരിശീലകനായ രാജേന്ദ്രനാണ് പരാതിക്കാരന്‍. ഇന്ത്യന്‍ സിനിമയുടെ ആദ്യപതിപ്പില്‍ കമല്‍ഹാസനെ മര്‍മ്മ വിദ്യ പരിശീലിപ്പിച്ചത് താനാണെന്നാണ് പരാതിക്കാരന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ 2വിലും തന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി തന്റെ അനുമതി തേടിയിട്ടില്ലെന്നുമാണ് പരാതിയിലുള്ളത്. ചിത്രം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിരോധിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 9 ന് മധുര ജില്ലാ കോടതി കേസ് പരിഗണിച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജേന്ദ്രന്റെ പരാതിയില്‍ പ്രതികരണം അറിയിക്കാൻ ‘ഇന്ത്യന്‍ 2’വിൻ്റെ അണിയറക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ജൂലൈ 11ലേയ്ക്ക് ജഡ്ജി മാറ്റിവെച്ചു. കഥാപാത്രത്തിനായി കമല്‍ഹാസന്‍ എന്ത് തരത്തിലുള്ള ഹോംവര്‍ക്കാണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് സംവിധായകന്‍ ശങ്കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, ‘ഇന്ത്യന്‍ 2’ ന് വേണ്ടി ‘മര്‍മം വിദ്യയ്ക്കായി’ പ്രകാശം ഗുരുക്കളുമായി കൂടിയാലോചിച്ചതായും ശങ്കര്‍ സൂചിപ്പിച്ചു. ‘ഇത്തവണ ഞങ്ങള്‍ക്ക് വിദഗ്‌ധോപദേശം ആവശ്യമായിരുന്നു. ഞങ്ങള്‍ കേരളത്തില്‍ നിന്ന് പ്രകാശം ഗുരുക്കന്മാരെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ചു. വ്യത്യസ്തമായ ഒരു മര്‍മ്മ ശൈലി നിങ്ങള്‍ക്ക് സിനിമയില്‍ കാണാം’, ശങ്കർ വ്യക്തമാക്കി. ജൂലൈ 12നാണ് ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, എസ് ജെ സൂര്യ, ബോബി സിംഹ തുടങ്ങി നിരവധി പേര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Be the first to comment