പോലീസ് സ്‌റ്റേഷൻ ഇല്ലാത്ത ഏക വിനോദ സഞ്ചാരകേന്ദ്രമായി ചിന്നക്കനാൽ; പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: സംസ്ഥാനത്ത് തന്നെ പോലീസ് സ്റ്റേഷനില്ലാത്ത ഏക വിനോദസഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ചിന്നക്കനാലിൽ എത്തുന്നതും താമസിക്കുന്നതും. പോലീസിൻ്റെ സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ ക്രമസമാധാനപാലനം വെല്ലുവിളിയാണ്.

കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലിയിൽ വാടകയ്ക്ക്‌ താമസിക്കുന്ന ബാങ്ക് ജീവനക്കാരൻ്റെ വീട്ടിൽ നിന്ന് 16 പവനോളം സ്വർണം മോഷ്‌ടിച്ച സംഭവമുണ്ടായത്. മിക്ക ദിവസങ്ങളിലും ചിന്നക്കനാലിൽ അടിപിടി കേസുകളും ഉണ്ടാകാറുണ്ട്. ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ മദ്യപരുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ നാട്ടുകാർക്കും സഞ്ചാരികൾക്കും പൊതു നിരത്തിലൂടെ സ്വൈരമായി സഞ്ചരിക്കാൻ കഴിയണമെങ്കിൽ ഇവിടെ സ്ഥിരമായി പോലീസിൻ്റെ സാന്നിധ്യം വേണമെന്ന് നാട്ടുകാർ പറയുന്നു.

20 കിലോമീറ്ററോളം അകലെയുള്ള ശാന്തൻപാറ പോലീസ് സ്റ്റേഷൻ്റെ പരിധിയിലാണ് ചിന്നക്കനാൽ പഞ്ചായത്ത് ഉൾപ്പെടുന്നത്. എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരിക്കും. മുൻപ് സ്ഥിരമായി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണിത്.

അന്നൊക്കെ താൽക്കാലിക പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരുന്നു. പോലീസിൻ്റെയും മോട്ടർ വാഹന വകുപ്പിൻ്റെയും സ്ഥിരം സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ മേഖലയിൽ ഗതാഗത നിയമലംഘനങ്ങളും വ്യാപകമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*