
അറുപതു കഴിഞ്ഞവരിൽ ഡിമെൻഷ്യ ഇപ്പോള്‍ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. ഡിമെൻഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെൻഷ്യ.
എന്നാല്‍ ദിവസവും ഒരു അഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റി വെക്കുകയാണെങ്കില്‍ പ്രായമായവരില്‍ ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കാമെന്ന് പുതിയ പഠനം. ദിവസവും വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നതു പോലും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോസ്റ്റ്-അക്യൂട്ട് ആന്റ് ലോങ് ടേം കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
90,000 പോരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തില്‍ ആഴ്ചയില്‍ 35 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കില്‍ ദിവസവും അഞ്ച് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തി. കൂടുതല്‍ വ്യായാമം ഡിമെന്‍ഷ്യയ്ക്കുള്ള കുറഞ്ഞ സാധ്യത പ്രകടിപ്പിച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആഴ്ചയില്‍ 36 മുതല്‍ 70 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 60 ശതമാനം വരെ കുറച്ചു. 71 മുതല്‍ 140 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് 63 ശതമാനം വരെ ഡിമെന്‍ഷ്യ സാധ്യത കുറച്ചതായും പഠനത്തില്‍ പറയുന്നു. 140 മിനിറ്റ് മുകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത 69 ശതമാനം വരെ കുറഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി.
Be the first to comment