നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനബെഞ്ചിൽ നാല് ജഡ്ജിമാരും നിരോധനം ശരിവെച്ചു. ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 2016ൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻപ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ സമയം സ്വീകരിച്ച നടപടികളിൽ ഒരു പോരായ്മയും ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു. 

നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്തുള്ള 58 ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. സാമ്പത്തിക തീരുമാനങ്ങൾ മാറ്റാനാകില്ലെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അഞ്ച് ദിവസത്തെ വാദപ്രതിവാദത്തിന് ശേഷം വിധി പറയാൻ മാറ്റി വെച്ചിരുന്നു. ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

ഭരണഘടനാപരമായി നോട്ട് നിരോധനം ശരിയാണ്. നിരോധനം ലക്ഷ്യം കൈവരിച്ചോ എന്നതിന് ഇവിടെ പ്രസക്തിയില്ല. തീരുമാനിച്ചത് കേന്ദ്രസർക്കാർ ആയത് കൊണ്ട് മാത്രം തെറ്റാണെന്ന് പറയാനാകില്ല. ആർബിഐയുമായി തീരുമാനിച്ച് കേന്ദ്രസർക്കാരിന് തീരുമാനം എടുക്കാവുന്നതാണ്. കറൻസികളുടെ എല്ലാ സീരീസും പിൻവലിക്കാൻ അധികാരമുണ്ട്. കേന്ദ്രം റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും നോട്ട് നിരോധനം ശരിവെച്ച ഭൂരിപക്ഷ വിധിയിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*