കണ്ണൂര്‍: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ.വിലയിരുത്തുന്നു.
തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു. രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു.
സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു.
അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.
Be the first to comment