ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത് തെറ്റായ നടപടി ; കേന്ദ്രത്തിനെതിരെ സതീശൻ

കൊച്ചി: കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും സംഭവം ദൗർഭാഗ്യകരമെന്നും സതീശൻ. കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. യാത്രയ്ക്കായി മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍.

രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം. കുവൈറ്റ് തീപിടിത്തത്തിൽ ഇതുവരെ 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 23 പേർ മലയാളികളാണ്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ ജി എബ്രഹാമിന്റെ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*