സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 5 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു.

അതിസങ്കീര്‍ണമായ രോഗാവസ്ഥകളില്‍ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ചെയ്യുന്നത്. ഭാവിയില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ ഡി.എം. കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാന്‍സ്ഡ് വെന്റിലേറ്റര്‍ മാനേജ്മെന്റ്, ക്രിട്ടിക്കല്‍ കെയര്‍ രംഗം എന്നിവയില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ നിയമിക്കുന്നത്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ പരിഹരിക്കുന്ന എക്മോ മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകും.

Be the first to comment

Leave a Reply

Your email address will not be published.


*