വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും; തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: വാഹനങ്ങളിലെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിലെ തട്ടിപ്പ് തടയാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. പുക പരിശോധനാകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാത്രം പരിശോധന നടത്താൻ കഴിയും വിധം ജിയോ ടാഗ് ചെയ്ത സംവിധാനം വരും. ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുക.

നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ഫോട്ടോയും ഈ ആപ്പ് ഉപയോഗിച്ച് പരിശോധനാ കേന്ദ്രത്തിൽ തന്നെ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. അതിനു ശേഷമേ പരിശോധനാ സംവിധാനം പ്രവർത്തിക്കയുള്ളൂ. ആപ്പ് മുഖേന ലഭിക്കുന്ന വാഹനത്തിൻ്റെ ലൊക്കേഷൻ മോട്ടോര്‍ വാഹനവകുപ്പിന് കണ്ടെത്താം.

പുക പരിശോധനയിൽ പലവിധ തട്ടിപ്പുകളാണ് കണ്ടെത്തിയത്. ഇവയിൽ മുഖ്യം വാഹന ഉടമകളുമായുള്ള അഡ്ജസ്റ്റ്മെൻ്റിൽ പരിശോധനാ കേന്ദ്രത്തിലേക്ക് വണ്ടിയുടെ പടം അയച്ചു നൽകി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. ലാപ്ടോപ്പുമായി ചെന്ന് ഒന്നിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മൊബൈൽ തട്ടിപ്പ് സംവിധാനങ്ങളും സജീവം. കൂടുതൽ വാഹനങ്ങൾ ഉടമസ്ഥതയിൽ ഉള്ളവർക്കാണ് ഈ സൗകര്യം നൽകിയിരുന്നത്.  വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ പുകപരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്തുവന്നു.

പുക പരിശോധന ആറുമാസത്തിൽ ആവർത്തിക്കേണ്ടുന്നത് പലപ്പോഴും ഉടമകൾക്ക് പൊല്ലാപ്പാണ്. വാഹനങ്ങൾ സർവ്വീസ് നടത്തുമ്പോൾ തന്നെ അതിൻ്റെ ഭാഗമായി പുകപരിശോധനയും നടത്തുന്ന സംവിധാനം നിർബന്ധമാക്കുന്ന സംവിധാനം വേണമെന്ന ആവശ്യം ഉയർന്നരുന്നു. ഇത് നടപ്പായില്ല. പകരം അഡ്ജസ്റ്റ്മെൻ്റ് സംവിധാനത്തിലേക്കാണ് ഇത് നയിച്ചത്. ഇതിനെ മറികടക്കാനാണ് വകുപ്പിൻ്റെ ആപ്പ്.

ഒരു പരിശോധനാ കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക. കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍.ടി.ഒ. ഓഫീസിൽ ഫോണ്‍ ഹാജരാക്കി വേണം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കാൻ. ഈ സമയത്ത് തന്നെ സ്ഥാപനത്തിൻ്റെ ലൊക്കേഷനും മാർക്ക് ചെയ്ത് നിശ്ചയിക്കപ്പെടും. ജിയോ മാപ്പിങ് സംവിധാനമുള്ള ആപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് നിര്‍മിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*