
കേന്ദ്ര സർക്കാർ 2023 ൽ നിരോധിച്ച 14 മൊബൈൽ ആപ്പുകളിൽ പലതും ഇപ്പോഴും രാജ്യത്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതായി കേന്ദ്ര സർക്കാർ തന്നെ സ്ഥിരീകരിക്കുന്നു. പാക്കിസ്ഥാനിലേക്ക് വിവര ചോർച്ച ആശങ്ക ഉയർത്തി രണ്ട് വർഷം മുൻപ് നിരോധിച്ച ആപ്പുകളാണ് ഇപ്പോഴും രാജ്യത്ത് ഡൗൺലോഡ് സാധ്യമായിട്ടുള്ളത്. ഇലക്ട്രോണിക്സ് ആന്റ് വിവര സാങ്കേതിക വിദ്യ മന്ത്രാലയം വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സാംഗി, നാൻഡ്‌ബോക്‌സ്, ത്രീമ, സേഫ്‌സ്വിസ്, എലമെന്റ്, ഐഎംഒ, മീഡിയഫയർ, ബ്രയർ, ബിചാറ്റ്, ക്രൈപ്‌വൈസർ, എനിഗ്മ, സെക്കൻഡ് ലൈൻ എന്നീ മെസേജിംഗ് ആപ്പുകൾ നിരോധിച്ചവയാണ്. അന്ന് നിരോധിച്ച മറ്റൊരു ആപ്പായ വിക്കർ മി 2023 ഡിസംബർ 31-ന് പ്രവർത്തനം അവസാനിപ്പിച്ചതായി അവരുടെ തന്നെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
എന്നാൽ അന്ന് നിരോധിച്ച 14 ൽ എട്ടെണ്ണമെങ്കിലും ഇപ്പോഴും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി-എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളിലെ നിരവധി അംഗങ്ങളുടെ ഫോണുകളിൽ നിരോധിത മെസേജിങ് ആപ്പായ സാംഗി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആപ്പുകൾ നിരോധിക്കാനുണ്ടായ കാരണം ഇപ്പോഴും കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
നിരോധിത മെസേജിങ് ആപ്പുകൾ ലോഗിൻ ചെയ്യാനായി ഫോൺ നമ്പർ, ഇമെയിൽ വിലാസം പോലുള്ള അടിസ്ഥാന വ്യക്തിഗത വിവരങ്ങൾ ചോദിക്കാറില്ല. പകരം, സ്വന്തമായി വെർച്വൽ നമ്പറുകൾ ഈ ആപ്പുകൾ നൽകുകയും ചെയ്യാറുണ്ട്. നമ്പർ ഇല്ലാത്ത അവസരങ്ങളിൽ ഒരു യുആർഎൽ സൃഷ്ടിക്കുകയാണ് പതിവ്. സന്ദേശങ്ങൾ ആർക്കും ട്രാക്ക് ചെയ്യാനോ ട്രാൻസിറ്റിൽ വായിക്കാനോ സാധ്യമല്ലെന്നതാണ് മറ്റൊരു സവിശേഷത. സാംഗി ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ ഡെലിവർ ചെയ്ത് നിശ്ചിത സമയത്തിന് ശേഷം മാഞ്ഞുപോകും. അതേസമയം ആപ്പുകൾ ഇപ്പോഴും ലഭ്യമാകുന്നതിൻ്റെ കാരണം കേന്ദ്രസർക്കാർ വിശദീകരിച്ചിട്ടില്ല.
Be the first to comment