സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചിട്ടും ഇന്റര്‍ മയാമിക്ക് പരാജയം

ഫ്‌ളോറിഡ : സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചിട്ടും ഇന്റര്‍ മയാമിക്ക് പരാജയം. മേജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അറ്റ്‌ലാന്റ യുണൈറ്റഡിനോടാണ് മയാമി പരാജയം വഴങ്ങിയത്. പത്ത് മത്സരം നീണ്ട മയാമിയുടെ അപരാജിതക്കുതിപ്പിനാണ് അറ്റ്ലാന്‍റ വിരാമമിട്ടത്. അറ്റ്‌ലാന്റയ്ക്ക് വേണ്ടി സബ ലോബ്ഷാനിഡ്‌സെ ഇരട്ടഗോളുമായി തിളങ്ങി.

ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. ആദ്യ പകുതിയുടെ നിശ്ചിതസമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അറ്റ്‌ലാന്റ ലീഡെടുത്തു. 44-ാം മിനിറ്റില്‍ സബ ലോബ്ഷാനിഡ്‌സെയാണ് അറ്റ്‌ലാന്റയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അറ്റ്‌ലാന്റ ലീഡ് ഇരട്ടിയാക്കി. 59-ാം മിനിറ്റില്‍ സബ തന്നെയാണ് അറ്റ്‌ലാന്റയുടെ രണ്ടാം ഗോളും നേടിയത്.

62-ാം മിനിറ്റിലാണ് ലയണല്‍ മെസ്സിയുടെ ഗോള്‍ പിറന്നത്. മയാമി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അറ്റ്‌ലാന്റയുടെ മൂന്നാം ഗോള്‍ വന്നു. 73-ാം മിനിറ്റില്‍ ജമാല്‍ തിയാരെ നേടിയ ഗോളിലൂടെ അറ്റ്‌ലാന്റ വിജയമുറപ്പിച്ചു. 7 മത്സരങ്ങളില്‍ നിന്ന് പത്ത് വിജയവുമായി 34 പോയിന്റും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് മയാമി. 15 മത്സരങ്ങളില്‍ 16 പോയിന്റുള്ള അറ്റ്‌ലാന്റ യുണൈറ്റഡ് പട്ടികയില്‍ 12-ാമതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*