
പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ.
പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നുവന്നത്. സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് പിവി അൻവർ ഉന്നയിച്ച ചില ആരോപണങ്ങളിൽ എംആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിനായി അജിത് കുമാറിന്റെ മൊഴി എടുക്കുന്നതിനിടെയാണ് പി വിജയനെതിരെ മൊഴി നൽകിയത്.
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നോട് ചില കാര്യങ്ങൾ പറഞ്ഞുവെന്നും. എടിഎസിന്റെ ചുമതലയുണ്ടായിരുന്ന പി വിജയൻ ഡാൻസാഫ് സംഘത്തെ ഉപയോഗിച്ച് കരിപ്പൂരിലടക്കം സ്വർണക്കടത്ത് സംഘത്തെ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് പറഞ്ഞതായാണ് അജിത് കുമാർ മൊഴി നൽകിയത്. രേഖാമൂലമാണ് മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് ഡിജിപിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി വിജയൻ സംസ്ഥാന സർക്കാരിനെ അറിയിച്ചത്. തനിക്കെതിരെ എംആർ അജിത് കുമാർ വ്യാജ പ്രചരണങ്ങൾ ഔദ്യോഗികമായി നടത്തിയിട്ടുണ്ടെന്നാണ് സർക്കാരിനെ പി വിജയൻ അറിയിച്ചത്. വിഷയത്തിൽ സർക്കാർ ഡിജിപിയുടെ അഭിപ്രായം തേടി. തുടർന്നാണ് എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി ശിപാർശ നൽകിയിട്ടുള്ളത്.
Be the first to comment